2010, ജൂലൈ 28, ബുധനാഴ്‌ച

കുട്ടേട്ടന്‍സ് ജം ഗിള്‍ ഉണ്ണിയപ്പം

http://media.doolnews.com/2010/07/thirunelli-wayanad.jpg

എഴുത്തും ചിത്രങ്ങളും വരുണ്‍ രമേഷ്

കാട്ടാന ഉണ്ണിയപ്പം തിന്നുമോ എന്നറിയില്ല. എന്നാല്‍ കാട്ടാനകള്‍ സ്വൈര്യവിഹാരം നടത്തുന്ന വയനാട്ടിലെ മാനന്തവാടി-തിരുനെല്ലി റൂട്ടില്‍ ഒരു ഉണ്ണിയപ്പക്കടയുണ്ട്. കുട്ടേട്ടന്‍റെ ജം ഗിള്‍ വ്യൂ ഹോട്ടല്‍. ഹോട്ടല്‍ എന്ന് പറയാമോ എന്നറിയില്ല. ചായക്കട, ആ പേര് ചേരും. മുളകള്‍കൊണ്ട് കെട്ടിപ്പൊക്കിയ ഒരു ചെറിയ കൂര. രണ്ട് മേശയും നാല് ബെഞ്ചും. ചാണകം മെഴുകിയ നല്ല തണുത്ത തിണ്ണയും. ഇതാണ് കുട്ടേട്ടന്‍റെ പ്രസിദ്ധമായ ഉണ്ണിയപ്പ ഫാക്ടറി.

കുട്ടേട്ടന്‍റെ ഉണ്ണിയപ്പത്തിന് എന്താണിത്ര പ്രത്യേകത. അതറിയാന്‍ ഒരണ്ണമെടുത്ത് ശാപ്പിട്ടു തന്നെ നോക്കണം. പിന്നെ അത് അഞ്ചോ എട്ടോ എണ്ണത്തിലേ നില്‍ക്കൂ. അതാണ് കുട്ടേട്ടന്‍സ് സെപഷല്‍ ഉണ്ണിയപ്പത്തിന്‍റെ പ്രത്യേകത.

കര്‍ണ്ണാടകയിലെ കുടകില്‍ നിന്ന് കൊണ്ടുവരുന്ന മില്ലരിയും ശര്‍ക്കരയും, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ നിന്ന് കൊണ്ടുവരുന്ന ശുദ്ധമായ വെളിച്ചെണ്ണ. പിന്നെ രുചിപെരുപ്പിക്കാന്‍ ഏലക്കയും ജീരകവും നെയ്യും പഴവും . ഇത്രയുമായാല്‍ കുട്ടേട്ടന്‍റെ ഉണ്ണിയപ്പത്തിന്‍റെ കൂട്ടായി.

http://media.doolnews.com/2010/07/thirunelli-.jpg

മില്ലില്‍ നിന്ന് കൊണ്ടുവരുന്ന അരി പാകപ്പെടുത്താനായി കുട്ടേട്ടന്‍റെ കടയില്‍ പ്രത്യകമായി ഉണ്ടാക്കിയ ഒരു ഉരലുണ്ട്. കുടകില്‍ നിന്ന്തന്നെകൊണ്ടുവന്നതാണ് പുളിമരത്തെക്കൊണ്ടുണ്ടാക്കിയ ഉരല്‍.

നാടന്‍ വിറകടുപ്പാണ് കുട്ടേട്ടന്‍റെ ഉണ്ണിപ്പത്തിന്‍റെ മൊട്ടത്തല വാര്‍ത്തെടുക്കുന്നത്. പ്രത്യേകം തെയ്യാറാക്കിയ മണ്ണടുപ്പിലെ വലീയ ഓട്ടുരുളിയില്‍ മാവ് കുഴച്ച് ഒഴിക്കും. ഒറ്റത്തവണ ഉരുളിനിറയെ നിറച്ചൊഴിച്ചാല്‍ 25 ഉണ്ണിയപ്പം റെഡി. പിന്നെ അത് അടുപ്പില്‍ നിന്നിറക്കി കുട്ടയിലാക്കി തുണികെട്ടി സൂക്ഷിക്കും.

ഒറ്റയടിക്ക് മുപ്പതും അമ്പതും ഉണ്ണിയപ്പം വാങ്ങിപ്പോകുന്നവരുണ്ട്. ഒരു ദിവസം ഉണ്ടാക്കുന്ന ഉണ്ണിയപ്പം ആ ദിവസം തന്നെതീരും. ഇത്രയും കാലമായിട്ട് അതാണ് പതിവ്. ഇതുവരെ ബാക്കിവന്നിട്ടില്ല. കുട്ടേട്ടന്‍ മനസ്സുതുറന്നു.

http://media.doolnews.com/2010/07/thirunalli3-.jpg

ഒരു ദിവസം ഈ കൊടും കാടിന് നടുവിലെ കുട്ടേട്ടന്‍റെ കടയില്‍ ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്‍റെ എണ്ണം എത്രയാണെന്നല്ലേ. എണ്ണൂറിനും ആയിരത്തിനുമിടയില്‍. തിരുനെല്ലി അമ്പലത്തിലെ വിശേഷദിവസങ്ങളൊക്കെയുണ്ടാകുമ്പോള്‍ കുട്ടേട്ടന്‍റെ കൊട്ടയിലെ ഉണ്ണിയപ്പത്തിന്‍റെ എണ്ണം ഇതിലുമേറെയാവും.

രണ്ടുരൂപയാണ് ഉണ്ണിയപ്പത്തിന്‍റെ വില. ഇതുവഴി കര്‍ണ്ണാടകയിലെ കുട്ടയിലേക്കും തിരുനെല്ലിയിലേക്കും പോകുന്ന വാഹനങ്ങള്‍ ഇവിടെ നിറുത്തി വണ്ടിയില്‍ ഉണ്ണിയപ്പം നിറച്ചാണ് യാത്രതുടരുക. ഒരിക്കല്‍ നുണഞ്ഞാല്‍ വീണ്ടും വീണ്ടും കൊതിയോടെ ഇതുവഴിപോകുന്നവര്‍ ജംഗില്‍ വ്യൂ ചായക്കടയില്‍ കയറും. അത്രയ്ക്കുണ്ട് കുട്ടേട്ടന്‍റെ ഉണ്ണിയപ്പപ്പെരുമ.

മക്കളായ വിനോദും വിജീഷും ഭാര്യ ഇന്ദിരയും സഹായത്തിനുണ്ട് കുട്ടേട്ടന്. രാവിലെ നാലരയാവുമ്പൊഴേ കൊടും കാട്ടിലെ കുട്ടേട്ടന്‍റെ ചായക്കടയിലെ അടുപ്പ് പുകഞ്ഞു തുടങ്ങും. നട്ടുച്ച പന്ത്രണ്ടുമണിയാവും പിന്നെ അടുപ്പണയാന്‍. അതുവരെ ഉണ്ണിയപ്പങ്ങള്‍ ഉരുളിയില്‍ പെറ്റുകൊണ്ടേയിരിക്കും.

http://media.doolnews.com/2010/07/thirunelli1.jpg

പട്ടാപകല്‍ പോലും കാട്ടാനകള്‍ സംഘഗാനം പാടി വെളളം കുടിക്കാന്‍ പോകുന്ന വഴിയിലാണ് കുട്ടേട്ടന്‍റെ ജംഗിള്‍ വ്യൂ. പക്ഷേ വര്‍ഷം മുപ്പതായിട്ടും ഒരു കാട്ടാനപോലും കുട്ടേട്ടനെ ഉപദ്രവിച്ചിട്ടില്ല. ഉണ്ണിയപ്പത്തോടുളള മനുഷ്യന്‍മാരുടെ ആര്‍ത്തികണ്ട് ഏതെങ്കിലും ആന രുചിയറിയാന്‍ കടകയറിയാലേ പ്രശ്നമുണ്ടാകൂ. എന്തായാലും അങ്ങനെയൊരു ഭാഗ്യം ഇതുവരെ കുട്ടേട്ടനുണ്ടായിട്ടില്ല.

1958 ല്‍ കുട്ടേട്ടന്‍റെ മുത്തശ്ശനാണ് ഈ കട തിരുനെല്ലി ദേവസ്വത്തിന്‍റെ കൈയ്യില്‍ നിന്ന് ലീസിനെടുത്തത്. അന്ന് വാഹനങ്ങളില്ലാത്തതുകാരണം അമ്പലത്തിലേക്കുളള യാത്രക്കാര്‍ക്ക് കാട്ടില്‍ ഒന്ന് വിശ്രമിക്കാനും കുറച്ച് വെളളവും ആഹാരവും കഴിക്കാനുമായിരുന്നു ഈ കുര പണിതത്. കൊടും കാട്ടിലെ ഈ സ്ഥലം ഇപ്പോഴും തിരുനെല്ലി ദേവസ്വത്തിന്‍റെ സ്ഥലമാണ്.

ശരിക്കും ഇതൊരു ജംഗിള്‍ വ്യൂ ടീ ഷാപ്പ് തന്നെയാണ്. ആനകളും കാട്ടുപോത്തും മാനും പക്ഷികളും എല്ലാം സ്വൈര്യവിഹാരം നടത്തുന്നത് കണ്ട്കൊണ്ട് തേനൂറുന്ന ഉണ്ണിയപ്പം ശാപ്പിടാന്‍ പറ്റിയ സ്ഥലം. ഒരിക്കല്‍ കുട്ടേട്ടന്‍റെ ഉണ്ണിയപ്പ രുചിയറിഞ്ഞവര്‍ വീണ്ടും ഇവിടെയെത്തും. ഈ കാഴ്ച്ചകള്‍കണ്ട് മനസ്സുനിറയ്ക്കാനും കുട്ടേട്ടന്‍റെ ഉണ്ണിയപ്പം തിന്ന് വയറു നിറയ്ക്കാനും.ഭാഗ്യം ഒരു കാട്ടാനയ്ക്കും കുട്ടേട്ടന്‍റെ ഉണ്ണിയപ്പം തിന്നാന്‍ കിട്ടാതിരുന്നത്. കിട്ടിയിരുന്നെങ്കില്‍ ഈ ജംഗിള്‍ വ്യൂ ചായക്കട വെറും ജംഗിള്‍ ആകുമായിരുന്നു.

കാര്യം കുട്ടേട്ടന്‍ കൈപ്പുണ്യമൊക്കെയാണെങ്കിലും ആള്‍ ഒരു നാണക്കാരനാണ് കേട്ടോ. ഒരു ഫോട്ടോയ്ക്ക് പോസുചെയ്യാന്‍ കുട്ടേട്ടനെ കുറേ നിര്‍ബന്ധിച്ചു. തെയ്യാറായില്ല. ഹേയ് അതൊന്നും വേണ്ടെന്നേ എന്ന് പറഞ്ഞ കുട്ടേട്ടന്‍ ഒഴിഞ്ഞുമാറിയതുകാരണം വായനക്കാരേ ക്ഷമിക്കുക കുട്ടേട്ടന്‍റെ പടം കിട്ടിയില്ല.

ഇനി കുട്ടേട്ടനെയും കുട്ടേട്ടന്‍റെ മൊട്ടത്തലയന്‍ ഉണ്ണിയപ്പത്തെയും കാണണമെന്ന് നിര്‍ബന്ധമുളളവര്‍ ഇപ്പോള്‍ തന്നെ വയനാട്ടിലേക്ക് ബസ്സുകയറുക. വയനാട്ടിലെ മാനന്തവാടിയില്‍ നിന്ന് തിരുനെല്ലി റൂട്ടിലെ തെറ്റ് റോഡിലിറങ്ങുക. അവിടെ കുട്ടേട്ടന്‍ ഉണ്ണിയപ്പവുംചുട്ട് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. വേഗം പോവൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ