2010, ജൂലൈ 13, ചൊവ്വാഴ്ച

ടിന്റു മോന്‍

ടിന്റുമോന്‍... മലയാളിയുടെ മനസ്‌‍

''ഞാന്‍ എവിടെ നിന്നു വന്നെന്ന്‌ എനിക്കറിയില്ല. എന്റെ അച്‌ഛനും അമ്മയും ആരാണെന്നുമറിയില്ല. എവിടെ നിന്നോ വന്നു ഞാന്‍ എവിടേക്കോ പോണു ഞാന്‍ എന്ന പാട്ടു കേട്ടിട്ടില്ലേ അതു പോലാ ഞാനും. ഏതായാലും മൊബൈല്‍ഫോണും ഇന്റര്‍നെറ്റും വന്നതോട്‌ എനിക്കങ്ങ്‌ വലിയ പ്രശസ്‌തിയൊക്കെയായി. എസ്‌.എം. എസില്‍ ഭൂരിഭാഗവും എന്റെ തമാശകളാ ഇപ്പം. ഇന്റര്‍നെറ്റില്‍ എന്റെ പേരില്‍ കൊറേ വെബ്‌സൈറ്റുകളുമുണ്ട്‌. അതിലും എന്റെ തമാശകളാ മുഴുവനും. നിങ്ങള്‍ക്കൊക്കെ കണ്ണാടി നോക്കിയാല്‍ നിങ്ങളുടെ ശരിയായുള്ള മുഖം കാണാന്‍ പറ്റും. എന്നാല്‍ എനിക്കോ? ടിന്റുമോന്‍ ഡോട്ട്‌ കോം എന്നൊക്കെയുള്ള സൈറ്റിലൊക്കെ ഒന്നു കയറി നോക്കിക്കേ പലപലരൂപത്തിലാ എന്നെ ഓരോരുത്തര്‌ വരച്ചു വച്ചിരിക്കുന്നെ. അതിലേതാ യഥാര്‍ത്ഥത്തിലുള്ള ഞാനെന്ന്‌ എനിക്കു തന്നെ കണ്‍ഫ്യൂഷനാ. പിന്നെ ഞാനങ്ങ്‌ കരുതിയേച്ച്‌ എല്ലാം ഞാന്‍ തന്നാണെന്ന്‌. ശ്രീരാമനും കൃഷണനുമെല്ലാം മഹാവിഷ്‌ണു തന്നല്ലായിരുന്നോ, അതു പോലെ ടിന്റുമോനും പലപല രൂപങ്ങളുണ്ടെന്നങ്ങു വച്ചു''

ഈ വാക്കുകള്‍ ടിന്റുമോന്റേതല്ല. ടിന്റുമോന്‍ നേരിട്ടുവന്നിരുന്നെങ്കില്‍ പറഞ്ഞേക്കാമായിരുന്ന കാര്യങ്ങളാണ്‌.

എന്നോ എവിടെ വച്ചോ മലയാളികളുടെ മനസ്സിലേക്കു പിറന്നു വീണ ഈ അഞ്ചു വയസ്സുകാരന്‍ കുസൃതിച്ചെക്കനെ എല്ലാവര്‍ക്കുമറിയാം. ടിന്റുമോന്റെ തമാശ കേട്ട്‌ പൊട്ടിച്ചിരിക്കാത്ത ഒരു മലയാളിപോലും കാണില്ല. ഒരു എസ്‌ എംസായോ എംഎംഎസായോ ഇന്റര്‍നെറ്റിലെ നുറുങ്ങുകളായോ ടിന്റുമോന്റെ തമാശകള്‍ ഓരോരുത്തരേയും തേടിയെത്തുന്നു.

നിഷ്‌ക്കളങ്കത ില്‍ നിന്നും വിരിയുന്ന ചിരികള്‍

ടിന്റു മോന്‍ അച്‌ഛനോട്‌ഃ ഞാന്‍ കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചു.

അച്‌ഛന്‍ ഃ ആരാണ്‌ വധു?

ടിന്റുമോന്‍ഃ എന്റെ മുത്തശ്ശി.

അച്‌ഛന്‍ഃ ഡാ...അതെന്റെ അമ്മയല്ലേ

ടിന്റുമോന്‍ഃ അതിനെന്താ അച്‌ഛന്‍ എന്റെ അമ്മേനെയല്ലേ കല്ല്യാണം കഴിച്ചത്‌.

ഇങ്ങനെ നിഷ്‌ക്കളങ്കതയില്‍ നിന്നെന്ന പോലെ പൊട്ടിവരുന്ന തമാശകളാണ്‌ ടിന്റുമോന്‍ തമാശകളിലേറെയും. അതില്‍ ബാല്യത്തിന്റെ കുസൃതികളും ഇഴചേരുമ്പോള്‍ ആരും പൊട്ടിച്ചിരിച്ചു പോകും.

ടിന്റുമോന്‍ഃ എന്റെ അപ്പൂപ്പന്‍ വലിയ വേട്ടക്കാരനാ. കഴിഞ്ഞയാഴ്‌ച മൂന്നു പുലിയെ പിടിക്കാന്‍ പോയി.

കൂട്ടുകാരന്‍ഃ എന്നിട്ടു പിടിച്ചോ?

ടിന്റുമോന്‍ഃ എവിടെ, പുലിയുടെ വിശപ്പും മാറി അപ്പൂപ്പന്റെ കടിയും മാറി.

കുസൃതികലര്‍ന്ന തമാശകള്‍ ഒത്തിരിയുണ്ട്‌ ടിന്റുമോന്റെ വകയായി. ടിന്റുമോന്റെ കഴിവും കഴിവുകേടുമെല്ലാം ഫലിതങ്ങളായി പൊട്ടിവിരിയുന്നു. എത്ര ദുര്‍ഘടഘട്ടത്തിലും ടിന്റുമോന്‍ അങ്ങനങ്ങു വീണുകൊടുക്കില്ല. പൂച്ചയെപ്പോലെ എങ്ങനെറിഞ്ഞാലും നാലുകാലിലേ വന്നു വീഴൂ എന്ന കണക്കാണ്‌ കക്ഷി.

ഇംഗ്ലീഷ്‌ ടീച്ചര്‍ഃ വെയര്‍ ഈസ്‌ യുവര്‍ നേറ്റീവ്‌ പ്ലേസ്‌

ടിന്റുമോന്‍(അല്‍പ്പം ഗമയോടെ)ഃ ചെക്കോസ്ലാവോക്യ

ടീച്ചര്‍ഃ അതിന്റെ സ്‌പെല്ലിങ്‌ പറയൂ.

ടിന്റുമോന്‍ (കുറച്ചുനേരം അലോചിച്ചതിനു ശേഷം)ഃ പറ്റിച്ചേ...!!!!!!!!!!! മൈ നേറ്റീവ്‌ പ്ലേസ്‌ ഈസ്‌ ഗോവ .

ടിന്റുമോനു ചെക്കോസ്ലാവാക്യയുടെ സ്‌പെല്ലിങ്‌ അറിയാന്‍ വയ്യാഞ്ഞിട്ടാണ്‌ ജന്മസ്‌ഥലം ഗോവയാക്കി മാറ്റിയത്‌. അതാകുമ്പോള്‍ വെറും മൂന്നക്ഷരമേയുള്ളല്ലോ, ടിന്റുമോന്‍ ആരാ മോന്‍.

ഉസ്‌ക്കൂള്‍പ്പയ്യന്‍

ടിന്റുമോന്‍ ഫലിതങ്ങളിലേറെയും സ്‌ക്കൂളിന്റെ പശ്‌ചാത്തലത്തിലുള്ളവയാണ്‌. ടീച്ചറും ടിന്റുമോനുമായുള്ള ചോദ്യേത്തരങ്ങളിലൂടെയാണ്‌ പലതമാശകളും പിറന്നു വീഴുന്നത്‌. ഉരുളയ്‌ക്കുപ്പേരി പോലെയുള്ള ടിന്റുമോന്റെ മറുപടികളാണ്‌ ഇത്തരം ഫലിതങ്ങളുടെ കാതല്‍.

ടീച്ചര്‍ഃ ഈ ക്ലാസ്സില്‍ മണ്ടന്‍മാരുണ്ടെങ്കില്‍ എഴുന്നേറ്റു നില്‍ക്കൂ

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ടിന്റുമോന്‍ എഴുന്നേറ്റു.

ടീച്ചര്‍ഃ ഓ.. നീ മണ്ടനാണോ?

ടിന്റുമോന്‍ഃ ടീച്ചര്‍ ഒറ്റയ്‌ക്കു നില്‍ക്കുന്നതു കണ്ടപ്പോള്‍ സങ്കടം തോന്നി.

കുട്ടിക്കാലത്ത്‌ പലരുടേയും പേടിസ്വപ്‌നമായിരിക്കുമല്ലോ ടീച്ചറും ഹോം വര്‍ക്കും അടിയുമെല്ലാം. ടിന്റുമോന്‍ ഫലിതങ്ങളിലും ആ പേടിയും മറ്റുമൊക്കെ തമാശയായി പൊട്ടി വീഴുന്നുണ്ട്‌. ഇവയില്‍ ചിലതൊക്കെ പണ്ടു നമ്മള്‍ കേട്ടവയാണ്‌ . അതും ടിന്റുമോന്റെ പേരില്‍ ചാര്‍ത്തിക്കൊടുത്തിരിക്കുന്നു. എന്നുവച്ച്‌ എല്ലാം ഏറ്റുവാങ്ങുവാന്‍ ടിന്റുമോന്റെ ജീവിതം ബാക്കി എന്നെങ്ങാനും വടക്കന്‍ വീരഗാഥയിലെ ചന്തുവിനെപ്പോലെ ടിന്റുമോന്‍ ആത്മഗതിക്കൂന്നൊന്നും ആരും കരുതണ്ട. ഇങ്ങനെ കേട്ടതും കേള്‍ക്കാത്തതുമായ ഒത്തിരി തമാശകളില്‍ നിന്നുണ്ടായ ചിരിയുടെ മണ്ണിലാണ്‌ ടിന്റുമോന്റെ നില്‍പ്പ്‌ തന്നെ.

ഫ്രീസാകാത്ത ഒരു ദ്രാവകത്തിന്റെ പേരു പറയാമോ എന്ന ചോദ്യത്തിന്‌ ടിന്റുമോന്‍ നല്‍കുന്ന ഉത്തരം ചൂടുവെള്ളം എന്നാണ്‌. ഐ മേഡ്‌ എ മിസ്‌റ്റേക്ക്‌ ' എന്ന വാചകം പാസ്സീവ്‌ വോയ്‌സ് ആക്കാന്‍ ടീച്ചര്‍ പറഞ്ഞപ്പോള്‍ 'ഐ മേഡ്‌ ബൈ എ മിസ്‌റ്റേക്ക്‌ ' എന്നാണ്‌ ടിന്റു മോന്റെ ഉത്തരം. ഐ സോ എ ഫിലിം ബൈ എസ്‌റ്റര്‍ഡേ എന്ന ഇംഗ്ലീഷ്‌ വാചകം മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യാന്‍ ടീച്ചര്‍ പറയുമ്പോള്‍ 'ടീച്ചര്‍ ഇന്നലെ എ പടം കണ്ടു'' എന്നാണ്‌ ടിന്റു മോന്റെ പരിഭാഷ. എവിടെയൊക്കെയോ ഇരുന്ന്‌ പലരാണ്‌ ടിന്റുമോന്റെ പേരില്‍ തമാശകള്‍ ഇറക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതെങ്കിലും എല്ലാവരുടെ മനസ്സിലും ടിന്റുമോന്റെ സ്വഭാവത്തിന്‌ ഒരു സമാനതയുണ്ട്‌. അതു കൊണ്ടു തന്നെ ടിന്റുമോന്റെ പ്രതികരണങ്ങള്‍ക്ക്‌ ഒരു സാമ്യവും കണ്ടെത്താനാകും.

പ്രണയത്തിലും പയ്യന്‍ മോശമല്ല. ആള്‌ കുട്ടിയാണെങ്കിലും അല്‍പ്പസ്വല്‍പ്പമൊക്കെ പ്രേമവും കൈകാര്യം ചെയ്യും ടിന്റുമോന്‌ മടിയില്ല.

ടിന്റുമോന്‍ഃ ഐ ലൗ യു

പെണ്‍കുട്ടിഃ കാലില്‍ ചെരിപ്പുണ്ട്‌.

ടിന്റുമോന്‍ഃ എന്റെ ഹൃദയം അമ്പലം അല്ല...കയറിപ്പോന്നോളൂ.

ചിലതമാശകളിലൊക്കെ ടിന്റുമോനു കൂട്ടുകാരിയായി ഒരു മിന്റുമോളും വന്നു കാണാറുണ്ട്‌.

ഒരിക്കല്‍ ടിന്റുമോനോടു മിന്റു മോള്‍ പറഞ്ഞുഃ ഐ ലൗ യു

ടിന്റുമോന്‍ഃ ഐ ലൗ യു

മിന്റുമോള്‍ഃ നമുക്കു കല്യാണം കഴിക്കാം.

ടിന്റുമോന്‍ഃ പക്ഷേ നമ്മളെ ആര്‌ കല്യാണം കഴിക്കും.

അഞ്ചുവയസ്സുകാരനായാണു ടിന്റുമോനെ പൊതുവേ പറയുന്നതെങ്കിലും ചില തമാശകളില്‍ ടിന്റുമോന്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിയും യു കെ ജി വിദ്യാര്‍ത്ഥിയുമൊക്കെയാണ്‌. അല്ലെങ്കില്‍ തന്നെ പ്രായത്തില്‍ എന്തുകാര്യം?

യുകെജിയില്‍ പഠിക്കുന്ന ടിന്റുമോനോടു ടിങ്കുമോന്‍ നടത്തുന്ന സംഭാഷണം കേള്‍ക്കാം.

ടിന്റുമോന്‍ഃ അളിയാ ഞാനാകെ അപ്‌സറ്റാടാ.

ടിങ്കുമോന്‍ഃ എന്താടാ എന്തുപറ്റി ? വീട്ടിലെന്തെങ്കിലും പ്രശ്‌നം?

ടിന്റുമോന്‍ഃ നോ. ഇന്നലെ ഞാന്‍ സ്‌ളേറ്റു വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി. അവിടെ ഒരു ഒന്നര വയസ്സുള്ള സൂപ്പര്‍ ഫിഗറിനെ കണ്ടടാ. അവളമ്മയുടെ തോളത്തു കിടന്ന്‌ എന്നെ നോക്കി ചിരിച്ചെടാ?

ടിങ്കുമോന്‍ഃ എന്നിട്ട്‌

ടിന്റുമോന്‍ഃ ഞാനവളുടെ പിറകേ പോയി, പക്ഷേ പിന്നെ അവള്‍ എന്നെ മൈന്‍ഡു ചെയ്‌തില്ലടാ . അതു കൊണ്ട്‌ ആകെ അപ്‌സറ്റാടാ. രണ്ടുദിവസമായി സെറിലാക്‌ കഴിച്ചിട്ട്‌.

ടിന്റുമോനും ഒരു സമൂഹജീവിയാണ്‌. സമൂഹത്തില്‍ അപ്പപ്പോള്‍ നടക്കുന്ന സംഭവങ്ങളിലും പ്രശ്‌നങ്ങളിലുമൊക്കെ ടിന്റുമോനും തന്റേതായ രീതിയില്‍ ഇടപെടലുകള്‍ നടത്താറുണ്ട്‌. അത്‌ കൊച്ചു കൊച്ചു തമാശകളുടേയോ പരിഹാസങ്ങളുടേയോ രൂപത്തിലായിരിക്കും എന്നു മാത്രം. ബസില്‍ കയറുന്നതിനുമുന്‍പ്‌ സീറ്റിലേക്ക്‌ കര്‍ച്ചീഫോ മറ്റോ വലിച്ചെറിഞ്ഞ്‌ സീറ്റ്‌ ബുക്ക്‌ ചെയ്യുന്നത്‌ നമ്മുടെയിടയില്‍ സ്‌ഥിരം കണ്ടുവരുന്ന ഒരു കാര്യമാണ്‌. അങ്ങനെചെയ്‌ത ആളോട്‌ ടിന്റുമോന്‍ പ്രതികരിച്ചത്‌ എങ്കില്‍ തനിക്കൊരു ഡബിള്‍മുണ്ട്‌ കൊണ്ട്‌ ഈ വണ്ടി തന്നങ്ങു മൂടാന്‍ പാടില്ലായിരുന്നോ? അപ്പോള്‍ പിന്നെ വേറാരും കേറില്ലല്ലോ എന്നാണ്‌. തിലകള്‍ പ്രശ്‌നത്തില്‍ ടിന്റുമോന്‍ ഇടപെട്ടതെങ്ങനെയാണെന്നു നോക്കൂ.

അച്‌ഛന്‍ഃ അമ്മ പറഞ്ഞാല്‍ നീ കേള്‍ക്കില്ല അല്ലേടാ?

ടിന്റു മോന്‍ഃ ഇല്ല.

അച്‌ഛന്‍ഃ അതെന്നാ?

ടിന്റുമോന്‍ഃ അതേ ഞാന്‍ തിലകന്‍ ഫാനാ.

സാഗര്‍ ഏലിയാസ്‌ ജാക്കി നടന്ന്‌ നടന്ന്‌ നാട്ടുകാരെ ബോറടിപ്പിച്ചപ്പോഴും ടിന്റുമോന്‍ പ്രതികരിച്ചു.

മരുഭൂമിയില്‍ വച്ച്‌ ടിന്റുമോന്‍ ഒരാളോട്‌ഃ നിങ്ങള്‍ ആണോ സാഗര്‍ ഏലിയാസ്‌ ജാക്കി?

അയാള്‍ഃ അതേ . എങ്ങനെ മനസ്സിലായി?

ടിന്റു മോന്‍ഃ മരുഭൂമിയില്‍ വേറേ ആരെങ്കിലും റെയിന്‍കോട്ടിട്ട്‌ നടക്കുമോ?

സത്യത്തില്‍ പലരിലൂടെ ടിന്റുമോന്‍ പറയുകയും ചിരിപ്പിക്കുകയുമാണ്‌. നര്‍മ്മബോധമുള്ള ഏതൊരു മലയാളിക്കും ടിന്റുമോന്റെ നാവിലൂടെ സംസാരിക്കാം, മറ്റുള്ളവരെ ചിരിപ്പിക്കാം. സത്യത്തില്‍ ആരാണ്‌ ടിന്റുമോന്‍ കണ്‍ഫ്യുഷനായിപ്പോകും. എങ്കിലും പറയാം എല്ലാമലയാളികളുടേയും മനസ്സിലെ കുസൃതിക്കാരനായ കുട്ടി. നമ്മളെത്ര മുതിര്‍ന്നാലും മനസ്സിലെ ഈ കുസൃതിക്കാരന്‌ നാലുവയസ്സു തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ