ശിവന്‍കുട്ടിയുടെ മകള്‍ ജലജ ഗര്‍ഭിണിയാണ് .അഷറഫിനെ തേടി ശിവന്‍കുട്ടിയും കൂടെ തടിമാടന്മാരായ രണ്ടു പേരും അങ്ങാടിയില്‍എത്തി. അവര്‍ക്ക് അഷറഫിന്‍റെ വീട് കാണണം. വഴി ചോദിച്ചത് ബാര്‍ബര്‍ കേശവനോട്.വഴിയറിഞ്ഞ അവര്‍ അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി ജീപ്പ് വിട്ടു.
“കേശവാ എന്തിനാ അവര്‍ വന്നത് ?
മൈക്ക് വാസുവിന് കാര്യമറിയണം.
“ഓ അയാളുടെ മോള്‍ ഗര്‍ഭിണിയാണത്രെ.. .. അവര്‍ അഷറഫിനെ തേടി വന്നതാ..
“എന്താ കാര്യം ?
“ഒന്നും പറഞ്ഞില്ല.. എന്തോ പ്രശ്നമുണ്ട്.
“അപ്പോള്‍ ? അഷറഫ്…..!! അവന്‍ അത്രക്കാരനോ…?
“ഗോവിന്ദാ,, ബാലാ,, അച്ചുതാ,,, അറിഞ്ഞില്ലെ അഷറഫ് ഒരു ഹിന്ദുപെണ്ണിനെ
ചതിച്ചെന്ന്.!!മൈക്ക് വാസു ഉച്ചത്തില്‍ വിളിച്ച് കൂവി .. !!
“ആഹാ.. എന്നാല്‍ അവനെ വെറുതെ വിടരുത് വാ പോയി നോക്കാം.
എല്ലാവരും കൂടി അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി നടന്നു. വടിവാളുംവെട്ടുകത്തിയും എടുക്കാന്‍ മറന്നില്ല.!!അവരുടെ പോക്ക് ശരിയല്ലല്ലോ.. നാസര്‍ എല്ലാം മാറി നിന്നു
കാണുന്നുണ്ടായിരുന്നു.
“ ഷുക്കൂറെ. വാപ്പുട്ടീ, ജബ്ബാറെ, അലവീ. വാ നമുക്കും പോയി നോക്കാം..!!
നാസറും ആളെ കൂട്ടി അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി അവരും നടന്നു.വെട്ടുകത്തിയും വടിവാളും എടുക്കാന്‍ അവരും മറന്നില്ല.!!
ശിവന്‍കുട്ടി വന്ന ജീപ്പ് അഷറഫിന്‍റെ വീടിനുപുറത്ത് നില്‍ക്കുന്നു.
അവര്‍ വീടിനകത്ത് അഷറഫുമായ് സംസാരിക്കുന്നു.
“നിങ്ങള്‍ ആണ്‍കുട്ടികള്‍ ആണെങ്കില്‍ അഷറഫിനെ ഒന്ന് തൊട്ടാ അപ്പോള്‍ കാണാം
ഞങ്ങള്‍ മുസ്ലീങ്ങള്‍ ആരാ എന്ന് ..നാസര്‍ വീമ്പിളക്കി.
“ഒരു ഹിന്ദു പെണ്ണിനെ ചതിച്ച് അവന്‍ സുഖമായ് വാഴാമെന്ന് കരുതണ്ട അവന്‍റെ തല മണ്ണില്‍ കിടന്നുരുളും.ഗോവിന്ദനും ഒട്ടു പേടിയില്ല വീമ്പിളക്കാന്‍.
“എന്നാല്‍ കാണെട്ടടാ നിങ്ങള്‍ ഹിന്ദുക്കളെ പവര്‍..
പറഞ്ഞു തീരും മുന്‍പ് വാപ്പുട്ടി പൊട്ടിച്ചു കേശവന്‍റെ മുഖത്ത് ഒന്ന്.പിന്നെ അവിടെ കൂട്ട തല്ല് ആരുടെയോ എല്ലാം തലയില്‍ നിന്നും ഉടലില്‍ നിന്നും രക്തം ഒലിച്ചിറങ്ങി.
പുറത്തെ ലഹള കണ്ട് വീട്ടിനകത്തു നിന്നും ശിവന്‍കുട്ടിയും കൂടെ വന്നവരും ഇറങ്ങി വന്നു. കൂടെ അഷറഫും.“എന്താ … എന്തിനാ വഴക്ക്?
അഷറഫും . ശിവന്‍കുട്ടിയും ഒരേ സ്വരത്തില്‍ ചോദിച്ചു.
“നിങ്ങള്‍ ഇതില്‍ ഇടപെടണ്ട.. നിങ്ങളുടെ മകള്‍ ഒരു ഹിന്ദുകുട്ടിയെ ചതിച്ച് ഇവന്‍ ഇവിടെ ജീവിക്കണ്ട..
ബാലനു മത ഭക്തി നിറഞ്ഞ് തുളുമ്പി.അഷറഫിനു നേരെ പാഞ്ഞടുത്തു.
“ചതിച്ചെന്നോ ആര് ആരെ ചതിച്ചു ? എന്താ ഈ പറയുന്നതു ?
അഷറഫിന് കാര്യം പിടി കിട്ടിയില്ല.
“ നീ പേടിക്കെണ്ട അഷറഫ് ഇവര്‍ നിന്നെ ഒരു ചുക്കും ചെയ്യില്ല.. നീ എത്ര
ഹിന്ദുപെണ്‍കുട്ടികളെ വേണമെങ്കിലും ചതിച്ചോ.. ഞങ്ങളുണ്ട് നിന്‍റെ കൂടെ..
ഷുക്കൂര്‍ അഷറഫിനു ആത്മവീര്യം പകര്‍ന്നു.
“ നിര്‍ത്തുന്നുണ്ടോ നിങ്ങള്‍ ..ഇവിടെ ആരും ആരേയും ചതിച്ചിട്ടില്ല . എന്‍റെ
മോള്‍ ഗര്‍ഭിണിയാ അതിനുത്തരവാദി ഇതാ ഈ നില്‍ക്കുന്ന അവളുടെ ഭര്‍ത്താവാ…ശിവന്‍കുട്ടി കൂടെ വന്ന തടിമാടന്മാരില്‍ ഒരാളെ ചൂണ്ടി കാണിച്ച് പറഞ്ഞു.
“അപ്പോള്‍ പിന്നെ നിങ്ങള്‍ അഷറഫിനെ അന്വേഷിച്ചത് എന്തിനാ ?
തല്ല് നിറുത്തി അച്ചുതന്‍ സംശയം ചോദിച്ചു.
“അവള്‍ക്ക് സിസേറിയനാ ഇന്ന് ഒ നെഗറ്റീവ് രക്തം തേടി ഇറങ്ങിയതാ,, ഇവിടെ
വായനശാലയില്‍ നിന്നാ അഷറഫിന്‍റെ രക്തം ഒ നെഗറ്റീവെന്നറിഞ്ഞത് ഇയാളെ കൊണ്ട്പോവാന്‍ വന്നതാ ഞങ്ങള്‍..
ശിവന്‍കുട്ടി അഷറഫിന്‍റെ കയ്യും പിടിച്ച് ജീപ്പില്‍ കയറി.
ഒലിച്ചിറങ്ങിയ രക്തം ഏത് ഗ്രൂപ്പ് എന്നറിയാത്ത ഹിന്ദുവും മുസ്ലീമും അതു
തുടച്ചു കൊണ്ട് രണ്ട് വഴിക്ക് പിരിഞ്ഞു പോയി . അടുത്ത പ്രശ്നം എവിടെ ഉണ്ടാക്കാം
എന്ന് ചിന്തിച്ച്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ